Advertisement

മിഠായി പരീക്ഷ, പോക്കറ്റിൻറെ ഖനമളക്കുന്ന പേരെന്റ്സ് ഇൻറർവ്യൂ; എൽ.കെ.ജി. പ്രവേശനം കഠിനമപ്പാ…

August 31, 2016
Google News 7 minutes Read

അരവിന്ദ് വി

ഇന്ത്യൻ ഭരണഘടന വ്യവസ്ഥകൾ കാറ്റിൽ പറത്തി കേരളത്തിൽ നേഴ്‌സറികളിലേക്ക് കുട്ടികളുടെ പ്രവേശനനത്തിന് അഭിമുഖ പരീക്ഷ. ഇത് സംബന്ധിച്ച ഒരു ഡസനിലേറെ നിർദേശങ്ങൾ നിലവിൽ ഉണ്ടെങ്കിലും മാനേജ്‌മെന്റുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇൻറർവ്യൂ നടത്തുകയാണ്. സംസാരം പോലും ഉറയ്ക്കാത്ത പിഞ്ചു കുഞ്ഞുങ്ങളെ മാനസികമായി തളർത്തുന്ന രീതിയാണ് സ്‌കൂളുകൾ ഇക്കാര്യങ്ങളിൽ അനുവർത്തിക്കുന്നത്.

മുൻ വർഷങ്ങളിൽ ഇൻറർവ്യൂ സംബന്ധിച്ച നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രവേശനം കിട്ടാതെ വരുന്ന കുട്ടികൾക്ക് മാനസികമായ സമ്മർദ്ദങ്ങൾ ഉണ്ടാകുന്നതായി ശാസ്ത്രീയമായി തെളിഞ്ഞതുമാണ്. പ്രവേശന അഭിമുഖ പരീക്ഷയിൽ മതിയായ പ്രകടനം നടത്താതെ ‘പരാജയ’പ്പെട്ടതിന്റെ പേരിൽ 3 ഉം 4 ഉം വയസ്സുള്ള കുട്ടികളെ രക്ഷിതാക്കൾ മർദ്ദിക്കുന്ന സംഭവങ്ങളും കുറവല്ല. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്താണ് രാജ്യത്താകെ പ്രീസ്‌കൂൾ പ്രവേശനനത്തിന് ഇൻറർവ്യൂ നടത്തരുതെന്ന നിർദേശങ്ങൾ നൽകിയത്.

ഭരണഘടന അമെൻഡ്മെന്റ് കൂട്ടിച്ചേർത്ത ആർട്ടിക്കിൾ 21-എ

പണമില്ലാത്തതിൻറെ പേരിൽ ഒരു കുട്ടിയ്ക്കും പഠനം നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തിൽ നടത്തിയ ഭരണഘടന പരിഷ്‌കാരം ആണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പിറവിക്കും കാരണമായത്. ഈ നിയമത്തിന്റെയും ഭരണഘടനാ 21-എ അനുച്ഛേദത്തിൻറെയും ചുവടു പിടിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ നിയമങ്ങൾ കൊണ്ട് വന്നിട്ടും ഉണ്ട്.

nursery-admissions

THE RIGHT OF CHILDREN TO FREE AND COMPULSORY EDUCATION KERALA RULES 2010 (ദി റൈറ്റ് ഓഫ് ചിൽഡ്രൻ ടു ഫ്രീ ആൻഡ് കമ്പൽസറി എഡ്യൂക്കേഷൻ കേരളാ റൂൾസ് -2010) കേരളത്തിന്റെ വകയായി പാസ്സായത് 2010 ഡിസംബറിൽ ആണ്. അതിൽ വളരെ വ്യക്തമായ ഭാഷയിൽ തന്നെ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കുന്നതിന് ഒരു തരത്തിലും ഉള്ള സ്ക്രീനിങ് നടപടികൾ ഉണ്ടാകരുതെന്ന് പറയുന്നു. (The Society / School Management shall not collect any capitation fee and subject the child or his or her parent or guardian to any screening procedure. )

ഈ നിയമങ്ങളെയും ഭരണഘടനയെ തന്നെയും അവഗണിച്ചാണ് സംസ്ഥാനത്ത് ഒട്ടു മിക്ക സ്‌കൂളുകളും പ്രവർത്തിക്കുന്നത്.

വർഷങ്ങൾ നീളുന്ന പരിശീലനം

തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലും , പേട്ട പള്ളിമുക്കിലും രണ്ടു ഇൻറർവ്യൂ പരിശീലന കേന്ദ്രങ്ങൾ ഉണ്ട്. രണ്ടിടത്തും പ്രായപരിധിയുണ്ട് . അത് രണ്ടര വയസ്സ് മുതൽ നാല് വയസ്സ് വരെയാണ്. പരിശീലനം ഒരു വർഷം മുതൽ രണ്ടു വർഷം വരെ നീണ്ടു നിൽക്കും. എന്താണ് ഇവരീ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നത് ? എന്തിനാണിത് ?

സംസ്ഥാനത്ത് എൽ.കെ.ജി. അഡ്മിഷന് ലക്ഷങ്ങൾ മുടക്കിയാലും പോരാ , അഭിമുഖ പരീക്ഷ എന്ന കടമ്പ കടക്കുകയും വേണം. അതാകട്ടെ ഒരു ചെറിയ കടമ്പ അല്ല. കുട്ടിയും അച്ഛനും അമ്മയും ഈ പരീക്ഷയിൽ പാസാവണം.

ഗുഡ് മോണിംഗിൽ തുടങ്ങി മുട്ടായി പെറുക്കിപരീക്ഷ വരെ

ഇൻറർവ്യൂ ബോർഡിന് മുന്നിലേക്ക് കടന്നു ചെല്ലുന്ന കുട്ടി മുട്ട് നിവർത്തി തന്നെ വച്ച് നട്ടെല്ല് വളച്ചു കുനിഞ്ഞ് തൊഴു കൈകളോടെ ‘ഗുഡ് മോണിങ് ‘ പറയണം. അപ്പോൾ ‘ലുക്ക്’ (കണ്ണുകൾ) ഇൻറർവ്യൂ ബോർഡിലെ എല്ലാവരിലേക്കും നീട്ടിയെറിയണം. എങ്ങാനും ആർക്കെങ്കിലും നോട്ടത്തിൻറെ എറി കൊള്ളാതെ പോയാൽ സംഗതി ഗുരുതരം.

ഇരിക്കാൻ പറഞ്ഞാൽ മാത്രം ഇരിക്കാവൂ… അല്ലങ്കിൽ കൈ അറ്റെൻഷൻ പരുവത്തിൽ താഴ്ത്തി വടി പോലെ ആക്കി നിൽക്കണം. (അങ്ങനെ നിൽക്കുമോ എന്നറിയാൻ കുറെ നേരം ‘സിറ്റ് ഡൌൺ’ പറയില്ല! ) പാവം മൂന്നു വയസ്സുകാരൻ ഇരുന്നു കഴിഞ്ഞാൽ കാലു പൊക്കി കസേരയിൽ ചവിട്ടുന്നുണ്ടോ എന്നതാണ് അടുത്ത പരീക്ഷ. വീട്ടിലൊക്കെ ഉറപ്പായും അങ്ങനെ ഇരുന്നു ശീലിച്ച കുട്ടിയാക്കത് കഠിനം തന്നെയാണപ്പാ..! ചില പാവം കുഞ്ഞുങ്ങൾ ആകട്ടെ ആകെ പേടിച്ച് അമ്മയുടെ മടിയിൽ ഇരിക്കാൻ വാശി പിടിച്ചു കരഞ്ഞും പോകും. അവരുടെ കാര്യം പോക്കാ…

ഇരുന്നോ നിന്നോ ഇന്റർവ്യൂവിന് തയ്യാറാകുന്ന കുട്ടിയ്ക്ക് ബോർഡിലൊരാൾ (പരമ്പരാഗതമായി ഇത് പ്രിൻസിപ്പാൾ തന്നെയാണ് കയ്യടക്കി വച്ചിരിക്കുന്നത് ) ഒരു ചെറിയ തളികയിൽ നല്ല വർണ്ണക്കടലാസ്സുകളിൽ പൊതിഞ്ഞ കണ്ടാൽ കൊതിയൂറുന്ന മിഠായികൾ നീട്ടും. അവിടെയാണ് പരീക്ഷ …

1) കുട്ടി ഒന്നിലധികം മിഠായി എടുക്കുമോ ?
2) എടുക്കുമ്പോൾ വാരി എടുക്കുമോ അതോ രണ്ടു വിരലുകൾ കൊണ്ട് എടുക്കുമോ ?
3) എടുത്ത ശേഷം “താങ്ക് യു മിസ് …” പറയുമോ ?
4) എടുത്ത ശേഷം ഉടനെ കഴിക്കാൻ ശ്രമിക്കുമോ ?
5) മിഠായി തോൽ തറയിൽ ഇടുമോ അതോ സമീപത്തെ ഡസ്റ്റ് ബിന്നിൽ ഇടുമോ ?

കുട്ടി മിഠായി വേണ്ടാന്ന് പറഞ്ഞാൽ നിർബന്ധിപ്പിച്ച് എടുപ്പിക്കും . എങ്കിലല്ലേ ഈ പറയുന്ന ബാക്കി പരീക്ഷകളും നിരീക്ഷണവും നടത്താൻ കഴിയൂ…

പിന്നെ കുട്ടിയെ പരിചയപ്പെടലാണ്. “വാട്ടീസ് യുവർ നെയിം ? ” , “ഹൌ ഓൾഡ് ആർ യു ?” , “ഫാതെർസ് നെയിം …..” , “മദേഴ്‌സ് നെയിം…” തുടങ്ങി കുട്ടിയുടെ അറിവളക്കൽ ആണ് സംഗതി. ഉത്തരം പറഞ്ഞു കൊടുത്തു സഹായിക്കാതിരിക്കാൻ രക്ഷിതാക്കളുടെ മുഖത്തേക്ക് നോക്കിയിരിക്കാൻ വശത്ത് ഒരു മാഡം കാണും. കുട്ടിയുടെ ഉത്തരം ഒന്നിഴയുകയോ തെറ്റുകയോ ചെയ്യുമ്പോൾ രക്ഷിതാക്കളുടെ മുഖത്തുണ്ടാകുന്ന വിവിധ ഭാവങ്ങൾ കണ്ട് പരിഹസിച്ച് പുച്‌ഛിക്കുക എന്നതും ഈ മാഡത്തിൻറെ വിനോദങ്ങളിൽ ഒന്നാണ്.

പോക്കറ്റിന്റെ ഖനമളക്കുന്ന ‘പേരെന്റ്സ് ഇൻറർവ്യൂ’

കുട്ടിയെ ഒരു വഴിക്കാക്കി ബോർഡ് ഒന്നടങ്കം രക്ഷിതാക്കളിലേക്ക് തിരിയും. അതാണ് മുഖ്യം ! കുട്ടിയെ പഠിപ്പിക്കുന്നത് സംബന്ധിച്ചതാണ് ചോദ്യം എന്നൊക്കെ ആദ്യം തോന്നും. “ജോലിയുണ്ടോ ?”, “പഠിപ്പിക്കാൻ സമയം കിട്ടുമോ ?” , “വീട്ടിലാരൊക്കെ ഉണ്ട്?”  ചോദ്യങ്ങൾ അധികം നീട്ടില്ല. കാര്യത്തിലേക്ക് വരും.

ജോലിയുടെ വിശദമായ വിവരങ്ങൾ കിള്ളി കിള്ളി ചോദിക്കും. കെ.വൈ.സി. ( നോ യുവർ ചൈൽഡ് -നിങ്ങളുടെ കുട്ടിയെ അറിയൂ) എന്ന ഒരു ഫോം ഉണ്ട്. അത് പൂരിപ്പിക്കുമ്പോൾ അറിയാം ബാക്കി. അതിൽ ചോദിക്കും മാസം എത്ര വരുമാനം ? വീട്ടിൽ ആരൊക്കെ ഉണ്ട്? അവർക്കൊക്കെ വരുമാനം ഉണ്ടോ ? ചോദ്യങ്ങൾ അങ്ങനെ അങ്ങനെ നീളും… അതായത് കുട്ടിയുടെ വീട്ടിലെ ആളുകളുടെ പോക്കറ്റിന്റെ വലിപ്പം അളന്നെടുക്കും.

‘ഇരകൾ’ നിശബ്ദർ

കുട്ടികളുടെ ഭാവി ഇരുളടഞ്ഞു പോകരുതല്ലോ എന്ന് കരുതി രക്ഷിതാക്കളിൽ 99 ശതമാനത്തിനും ഇക്കാര്യങ്ങളിൽ പ്രതികരണമില്ല. നാട്ടിലെ നിയമങ്ങളുടെ ശക്തി അറിയാവുന്ന അഭിഭാഷകരും , മാധ്യമ പ്രവർത്തകരും , ഡോക്ടർമാരും , പോലീസ്സുകാരും എന്തിന് ന്യായാധിപന്മാർ വരെ സ്വന്തം മക്കൾക്ക് ഒരു സീറ്റ് കിട്ടാൻ ഈ കൊള്ളക്കാരുടെ പുറകെ ലക്ഷങ്ങളുമായി നടക്കുന്നു. മിഠായി അഭിമുഖത്തിൽ പങ്കെടുക്കുന്നു. നിയമ ലംഘനത്തിന് കൂട്ട് നിൽക്കുന്നു. അനുഭവങ്ങൾ പങ്കു വച്ച് പുറത്തു വരൂ… ഇതാണ് നിങ്ങൾ കാത്തിരുന്ന പ്രതികരണത്തിൻറെ ആ സമര സമയം.

 

illegal interview for lkg-pre school admissions in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here